അമ്പയറെ ബാറ്റിംഗ് ടീം തെരഞ്ഞെടുക്കുന്നതുപോലെയാണു പ്രധാനമന്ത്രിയും പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന മന്ത്രിയും ചേര്‍ന്നു തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിക്കുന്നത്. സുപ്രീംകോടതിയിലെ ജസ്റ്റീസ് ദീപാങ്കര്‍ ദത്ത കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞതാണിത്. ബാറ്റിംഗ് ടീം തെരഞ്ഞെടുക്കുന്ന അമ്പയര്‍ ശരിയായ തീരുമാനമാണ് എടുക്കുന്നതെങ്കില്‍ പോലും, അദ്ദേഹം ആ ടീമിനോടു കൂറുള്ളയാളായി കണക്കാക്കപ്പെടുന്നതിനാല്‍ എപ്പോഴും സംശയത്തിന്റെ നിഴലിലായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ക്രിക്കറ്റ് മത്സരത്തില്‍ ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ ഇലവന് ടീമിലെ ഓപ്പണിംഗ് ബാറ്ററാണ് അദ്ദേഹം.
തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ (അമ്പയര്‍) ആരാണു നിയമിക്കേണ്ടത്, ആരാണു നിയമിക്കാന്‍ പാടില്ലാത്തത് എന്നതിനെക്കുറിച്ചു വ്യക്തത വരുത്താന്‍ സുപ്രീംകോടതിയില്‍ ബുധനാഴ്ച നടന്ന വാദത്തിനിടെയാണു ജസ്റ്റീസ് ദത്ത ക്രിക്കറ്റിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പു കമ്മിഷന് അംഗങ്ങളുടെ നിയമനത്തിനായി ബിജെപി സര്‍ക്കാര്‍ ഭേദഗതി ചെയ്ത 2023ലെ നിയമം സര്‍ക്കാര്‍ സ്വാധീനത്തില്‍നിന്നു മുക്തമാണോയെന്നതില് ജസ്റ്റീസ് ദത്ത സംശയം പ്രകടിപ്പിച്ചു. ഭേദഗതി ചെയ്ത നിയമം സ്വതന്ത്രമായ തെരഞ്ഞെടുപ്പു പ്രക്രിയ ഉറപ്പാക്കുന്നതായി തോന്നുന്നില്ലെന്ന് ജസ്റ്റീസ് ദത്ത നിരീക്ഷിച്ചു.
ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി
സെലക്ഷന് പാനലില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയാണു പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന മന്ത്രിയെ ഉള്‍പ്പെടുത്തിയത്. ഫലത്തില്‍ നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുക്കും. നിയമിച്ചയാളെ ധിക്കരിക്കുമെന്നു പ്രതീക്ഷിക്കാനാകില്ലെന്ന് ജസ്റ്റീസ് ദത്ത അഭിപ്രായപ്പെട്ടു. ഇതുവഴി, നിഷ്പക്ഷനായ അംഗത്തിനു നല്കാന് കഴിയുന്ന സ്വതന്ത്രമായ സന്തുലനാവസ്ഥ ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നു. തത്ഫലമായി, പ്രതിപക്ഷ നേതാവിനെ കമ്മിറ്റിയില്‍ ഉള്‍ക്കൊള്ളിച്ചതിന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടാതെ, അദ്ദേഹത്തിന്റെ സാന്നിധ്യം കേവലം നാമമാത്രമായി മാറുന്നുവെന്നു ജഡ്ജി ചൂണ്ടിക്കാട്ടി.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളാണു ജനാധിപത്യത്തിന്റെ ശക്തി. തികച്ചും സ്വതന്ത്രമായ തെരഞ്ഞെടുപ്പു കമ്മിഷന് ഇതിന് അനിവാര്യമാണ്. കമ്മിഷന് സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ മാത്രം പോരാ, സ്വതന്ത്രമാണെന്നു പുറമെ തോന്നുകയും വേണം- ജസ്റ്റീസ് ദത്ത പറഞ്ഞു. 2023ലെ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിനു വിടണോയെന്നതില് രണ്ടംഗ ബെഞ്ചിലെ ജസ്റ്റീസ് സതീഷ് ചന്ദ്ര ശര്‍മയോടു ജസ്റ്റീസ് ദത്ത വിയോജിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിഷയം ഭരണഘടനാ ബെഞ്ചിനു വിടണമോയെന്നു തീരുമാനിക്കാന്‍ ചീഫ് ജസ്റ്റീസിനു കൈമാറി.
രാഷ്ട്രപതിക്കില്ലാത്ത കവചം
തെരഞ്ഞെടുപ്പു കമ്മിഷണര്മാര്ക്കെതിരേ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍നിന്നു കോടതികളെ മോദി സര്‍ക്കാര്‍ പാസാക്കിയ നിയമം വിലക്കി. സമ്പൂര്‍ണവും ശാശ്വതവുമായ സംരക്ഷണം അനിയന്ത്രിതമായ അധികാരം സൃഷ്ടിക്കുകയും നിയമവാഴ്ചയ്ക്ക് അതീതരാക്കുകയും ചെയ്യും. ജനാധിപത്യം അട്ടിമറിക്കുന്നതിനു തുല്യമാണിത്. രാഷ്ട്രപതിക്കുപോലും ഇത്തരം സംരക്ഷണമില്ല. ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും രാഷ്ട്രപതിക്കും മുകളിലായി ആര്‍ക്കും നിയമകവചം നല്കാന് പാടില്ല.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞടുപ്പുകള്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകമാണ്. പൗരന്മാരുടെ വോട്ടവകാശം മൗലികാവകാശവുമാണ്. അര്‍ഹതയുള്ള ഒരു പൗരന്റെയും വോട്ട് റദ്ദാക്കാനോ നിഷേധിക്കാനോ ആരെയും അനുവദിച്ചുകൂടാ. അതാണു തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) എന്ന പേരില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി നടപ്പാക്കിയ നടപടികളിലൂടെ തകര്‍ന്നത്. എസ്ഐആറിന്റെ മറവില്‍ രാജ്യത്തെ 13 കോടി പേരുടെ വോട്ട് നീക്കിയപ്പോഴും ബ്രസീലിലെ യുവതി അടക്കം അനര്‍ഹരെ ഉള്പ്പെടുത്തിയെന്നതാണു ദുരന്തം.
വിശ്വാസം തകര്‍ത്ത വിവാദം
ജനാധിപത്യം പരിപാലിക്കാനുള്ള ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യതയാണു ചോദ്യം ചെയ്യപ്പെട്ടത്. ഏറെക്കാലമായുള്ള സംശയങ്ങളും ആരോപണങ്ങളും ശരിവയ്ക്കുന്നതാണു പുതിയ വിവാദം. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ നടപടികള്‍ തെരഞ്ഞെടുപ്പുകളെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്നതാണെന്നാണു പരാതി. ദി ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ വസ്തുതകള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണക്കുറിപ്പില്‍ നിഷേധിച്ചിട്ടില്ല.
അപഹാസ്യ വിശദീകരണം
ആഭ്യന്തര നിരീക്ഷണങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും സ്ഥാപനപരമായ പരിശോധനകളുടെയും സന്തുലിതാവസ്ഥയുടെയും ഭാഗമാണെന്ന കമ്മിഷന്റെ വിശദീകരണം അപഹാസ്യമായി. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെ പ്രതിക്കൂട്ടിലാക്കിയിട്ടും മറുപടിക്കോ കൃത്യവും വ്യക്തവുമായ വിശദീകരണത്തിനോ അദ്ദേഹം തയാറായില്ല. എതിര്‍പ്പറിയിച്ച രണ്ടു കമ്മിഷണര്‍മാരുടെയും തെരഞ്ഞെടുപ്പു സംവിധാനങ്ങളുടെയും പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, ഓരോ കാര്യത്തിലും വിശദമായ മറുപടി അത്യന്താപേക്ഷിതമാണ്. ബംഗാള്‍, ബിഹാര്‍, ഗോവ, മഹാരാഷ്ട്ര, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ വോട്ടുനീക്കല്‍ ജനവിധിയെ അട്ടിമറിക്കുന്നതായിരുന്നു. ബംഗാള്‍, ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഭരിച്ചിരുന്നവരുടെ അധികാരം മാത്രമല്ല, ആ പാര്‍ട്ടികളെപോലും തകര്‍ത്തതു നിസാരമല്ല.
2025 ജൂണില്‍ ബിഹാറില്‍ ആരംഭിച്ച, സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനിലൂടെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കരടു വോട്ടര്‍പട്ടികയില്‍നിന്ന് 13 കോടിയിലധികം പേരുകളാണു നീക്കിയത്. ഈ കാലയളവില്‍ തങ്ങളുടെ അറിവില്ലാതെ എടുത്ത തീരുമാനങ്ങള്‍ക്കും പുറപ്പെടുവിച്ച ഉത്തരവുകള്ക്കുമെതിരേ ഒറ്റ ദിവസം നാലു തവണ ഉള്‍പ്പെടെ 14 തവണയാണു രണ്ടു കമ്മിഷണര്‍മാര്‍ ഔദ്യോഗികമായി വിയോജിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായും മമത ബാനര്‍ജി, അരവിന്ദ് കേജരിവാള്‍, എം.കെ. സ്റ്റാലിന്, ഉദ്ധവ് താക്കറെ അടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ പലതവണയും ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണിത്.
ഭൂരിപക്ഷമല്ല; ഏകാധിപത്യം
തുല്യരായ മൂന്നംഗ കമ്മിഷനില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണു നടപ്പാകേണ്ടത്. എന്നാല്‍ തികച്ചും ഏകപക്ഷീയമായാണു മുഖ്യ കമ്മിഷണര്‍ തീരുമാനമെടുത്തത്. തെറ്റും അസാധുവുമാണിത്. വോട്ടര്‍ സോഫ്റ്റ്വെയറിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ കാബിനറ്റ് സെക്രട്ടറിയെ വരെ കമ്മിഷണര്‍മാര്‍ അറിയിച്ചു. തന്നെ നിയമിച്ച്, സമ്പൂര്‍ണ നിയമസംരക്ഷണം ഉറപ്പാക്കിയ സര്‍ക്കാരിലെ നായകര്‍ പറയുന്നതു നടപ്പാക്കുകയാണു ഗ്യാനേഷ് ചെയ്തതെന്നതില്‍ സംശയമില്ല.
നിയമവിരുദ്ധവും അംഗീകാരമില്ലാത്തതുമായ നീക്കങ്ങള്‍ എന്നാണു തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരായ സന്ധുവും ജോഷിയും ചൂണ്ടിക്കാട്ടിയത്. അര്‍ഹരായ എല്ലാവരുടെയും വോട്ട് ഉറപ്പാക്കേണ്ടവര്‍, വോട്ടുകൊള്ള നടത്തിയെന്നതു വെറും ആരോപണം മാത്രമാകില്ല. പ്രതിപക്ഷത്തിനു കിട്ടേണ്ട വോട്ടുകള്‍ മോഷ്ടിച്ചുവെന്ന് അവര്‍ ആരോപിക്കുന്നതു വെറുതെയല്ല.
ഇംപീച്ച്മെന്റല്ലാതെ വഴിയില്ല
തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവര്‍ത്തനം സുതാര്യവും സ്വതന്ത്രവും നിഷ്പക്ഷവുമല്ലെന്നത് അടിവരയിടുന്നതാണു പുതിയ വെളിപ്പെടുത്തലുകള്‍. മറയ്ക്കാനും ഒളിക്കാനുമില്ലെങ്കില്, ആഭ്യന്തരമായി രേഖപ്പെടുത്തിയ വിയോജിപ്പുകളും അഭിപ്രായക്കുറിപ്പുകളും പരസ്യമാക്കാനെങ്കിലും ഗ്യാനേഷ് കുമാര്‍ തയാറാകട്ടെ. ഭൂരിപക്ഷം രേഖാമൂലം വിയോജിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വയം രാജിവച്ചു പുറത്തുപോകാനെങ്കിലും തയാറാകണം. ധാര്‍മികത പ്രതീക്ഷിക്കുന്നില്ലാത്തതിനാല്, മുഖ്യ കമ്മിഷണറെ പാര്‍ലമെന്റില്‍ ഇംപീച്ച് ചെയ്തു പുറത്താക്കണം. നീതി നടപ്പാക്കാന്‍ സുപ്രീംകോടതി ഇനിയും അമാന്തിക്കരുത്.